2021-07-16 By Admin
ലണ്ടന്‍: മാസ്‌ക് പോലും ധരിക്കാതെ യൂറോ കപ്പ് മത്സരം കാണാന്‍ പോയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ശേഷം ക്രിക്കറ്റ് താരങ്ങള്‍ ബയോ സെക്യുര്‍ ബബ്ബിളിലായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ അവരോട് മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും ഗാംഗുലി പറഞ്ഞു. യൂറോ കപ്പിലെയും വിംബിള്‍ഡണിലെയും മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ചിരുന്നത് നമ്മള്‍ കണ്ടതാണ്. ഇന്ത്യന്‍ താരങ്ങളാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അവധിയിലും. ഈ സാഹചര്യത്തില്‍ കളിക്കാര്‍ മത്സരങ്ങള്‍ കാണാന്‍ പോയതിനെയോ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കാതിരുന്നതിനെയോ കുറ്റപ്പെടുത്താനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി. പന്തിന് കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗാംഗുലി പറഞ്ഞു.