2021-07-09 By Admin
ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ജൂലൈ 12 തിങ്കാളാഴ്ച മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. റെഡ് കാറ്റഗറിയില്‍ പെടുന്ന ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ ഇളവുകള്‍ ബാധകമാണ്. റെഡ് കാറ്റഗറി രാജ്യത്ത് നിന്ന് വരുന്നവരാണെങ്കിലും പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് പ്രഖ്യാപനം.
ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചും വാക്സിന്‍ കുത്തിവയ്പ്പിലൂടെ രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങളെയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ഏഷ്യന്‍ രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ഈ വിഭാഗത്തിലാണ് പെടുന്നത്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 88 രാജ്യങ്ങളാണ് യെല്ലോ വിഭാഗത്തിലുള്ളത്. 30 രാജ്യങ്ങള്‍ മാത്രമേ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ഇവയില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്.
ഖത്തറില്‍ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്സിന്‍ പൂര്‍ണമായി എടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് ഒന്‍പത് മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റൈന്‍ ഇളവ് ലഭിക്കും. അതേസമയം, ഖത്തറിന് പുറത്ത് ഏതെങ്കിലും ജിസിസി രാജ്യത്തു നിന്നാണ് കൊവിഡ് വന്ന് ഭേദമായതെങ്കില്‍ അവര്‍ ഖത്തര്‍ അംഗീകരിച്ച ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ക്വാറന്റൈന്‍ ഇളവ് അവര്‍ക്കും ലഭ്യമാവും.